09:15pm 06 November 2026
NEWS
ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി
06/11/2026  12:17 PM IST
nila
ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

 

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകൾ അനുവദിച്ചെന്ന വിവാദം ശക്തമാകുന്നതിനിടെ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറുടെ നടപടികളിൽ മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. അഡീഷണൽ കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി.

മൂന്ന് ബിയർ, വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നൽകിയതും കൊച്ചി വിമാനത്താവളത്തിൽ രണ്ട് ലൗഞ്ച് ബാറുകൾക്ക് പുതിയ ലൈസൻസ് അനുവദിച്ചതുമാണ് വിവാദത്തിന് വഴിവെച്ചത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് മന്ത്രിയുടെ അറിവോ സർക്കാരിന്റെ അനുമതിയോ ഇല്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്ന ആരോപണത്തെ തുടർന്ന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, സംഭവത്തിൽ സീറാം സാംബശിവറാവു നൽകിയ വിശദീകരണ റിപ്പോർട്ട് മന്ത്രി എം. ലിജു അംഗീകരിച്ചില്ല. ഇന്നലെ മന്ത്രി വിളിച്ചുചേർത്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും കമ്മിഷണർ പങ്കെടുത്തിരുന്നില്ല.

മദ്യനയം പ്രഖ്യാപിക്കുന്നതിനു മുൻപ് പുതിയ ബാർ ലൈസൻസുകളൊന്നും അനുവദിക്കരുതെന്ന് ഓഗസ്റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു. ഈ നിർദേശം മറികടന്നാണ് ലൈസൻസുകൾ അനുവദിച്ചതെന്നാണ് പ്രധാന ആരോപണം. എന്നാൽ, സർക്കാർ നിർദേശം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ലൈസൻസ് അനുവദിക്കാൻ തനിക്ക് അധികാരമുണ്ടെന്നുമായിരുന്നു സാംബശിവറാവുവിന്റെ വിശദീകരണം. ഈ വാദം അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല. തുടർന്നാണ് കമ്മിഷണറെ മാറ്റാനുള്ള നടപടി ഉണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img